Monday, May 25, 2015

Monday, May 25, 2015 0

ചിന്ത



മരണത്തെ മുഖാമുഖം കണ്ട നിമിഷം
മാറിമാറി വരുന്ന പേടിസ്വപ്നം

മറക്കാൻ മാത്രം കഴിഞ്ഞിരുന്നെങ്കിൽ
മറവിതൻ മാളത്തിലൊളിക്കാം എപ്പൊഴോ ഒരിക്കൽ

നീണ്ട യാത്രയിൽ പലപ്പോഴും കണ്ടിരുന്നു ഞാൻ
നീളുന്ന എൻ സ്വപ്നം -സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നം

എങ്കിലും ഞാൻ ഇന്നുമാഗ്രഹിക്കുന്നീ സ്വപ്നത്തെ
ഏതെങ്കിലും യാത്രതൻ വേളയിൽ കണ്ടുമുട്ടാൻ

മരണക്കിടക്കയിൽ കിടന്നുകൊണ്ടെന്നാലും
മരണമേനീ എനിക്കു സാന്ത്വനം തന്നെങ്കിൽ

ആർക്കായി കേഴുന്നു ഞാൻ ഇപ്പോഴും
ആരുടെ കാലൊച്ചക്കു ചെവിയോർക്കുന്നു

ഒരിക്കൽ മാത്രം വന്നുപോകുന്ന മരണം
ഒരിക്കലും പിന്നെ നമ്മെ ഓർക്കുന്നില്ല

അവസാനം എന്തെന്നു കണ്ടറിയാത്ത ഞാൻ
അവസാന നിദ്രയെ സങ്കൽപങ്ങളാൽ നെയ്തിടുന്നു

എന്നിലെ എന്നെ ഞാനറിയാതെ യാത്രയാക്കാൻ
എന്നോടൊപ്പം  ചിന്തയും കൂട്ടായിരിക്കട്ടെ !


പുഷ്കല ചെല്ലം ഐയ്യർ 

Saturday, May 23, 2015

Saturday, May 23, 2015 2

വൃദ്ധ സദനം



വൃദ്ധസദനത്തിൻ  പൂട്ടാത്ത താഴിലെക്കു നോക്കി
വൃദ്ധയാം മാതാവപ്പോഴും ഓർക്കുന്നു തൻ മകനെമാത്രം

കൂട്ടിനുള്ളവർ പലരും വന്നുപോയെങ്കിലും
കൂട്ടിലാകാൻ വെമ്പൽ കൊള്ളാതെ നിന്നുവല്ലോ

പരിചയം പുതുക്കി പലരും വന്നുപോയെങ്കിലും
പരിചയമാകാൻ സമയമെടുക്കുന്നുവല്ലോ

ആദ്യമായുള്ള അങ്കലാപ്പെങ്കിലും
അന്ത്യത്തിൽ തനിക്കിതുതന്നെ നിശ്ചയം

സങ്കടങ്ങൾ നീക്കിവെച്ചു സത്യത്തെ നേരിടണം
സത്യത്തെവിങ്ങുന്ന ഹൃദയം ഒരുമാത്ര മറന്നു

തുറന്ന വാതിലിനപ്പുറംകണ്ടുവല്ലോ
തുടർച്ചയായി ചില ദുഃഖ മുഖങ്ങൾ

ആരാണിതിൽ മെച്ചപ്പെട്ടവർ
ആരാണിതിൽ അധിക ദു:ഖിതർ

തുല്യമിതല്ലോ എൻ ദു:ഖവും
തുലാസിനു പറ്റിയില്ല തെറ്റ്

കൂട്ടത്തിലെ കരവലയത്തിനു മുന്നിൽ
കൂടുതലായി മറന്നുവല്ലോ തൻ ദു:ഖങ്ങൾ

പങ്കുവെയ്ക്കാൻ പലരും ഉണ്ടെന്നുള്ളിലൊരു ചൊല്ല്
പങ്കുവെച്ചീടിൽ ദു:ഖങ്ങൾ ഒരുപാതി ശൂന്യമല്ലോ!

നാളുകൾ കഴിയവേ മറ്റെല്ലാംമറന്നുവല്ലോ
നാളെയെമാത്രം ഓർക്കുന്നു -മറക്കുന്നു

മകനെന്ന സത്യത്തെ ഓർക്കുമ്പോഴും
മനുഷ്യാ! എവിടെയാണു നീ എന്ന സത്യം  



പുഷ്കല ചെല്ലം ഐയ്യർ

Tuesday, May 12, 2015

Tuesday, May 12, 2015 0

ചിത്രങ്ങൾ

Friday, May 08, 2015

Friday, May 08, 2015 1

ചിക്കൻ ബിരിയാണി



ചിക്കൻ (വലിയ കഷണങ്ങൾ ) - 1 കിലോ
ബിരിയാണി അരി - 4 കപ്പ്‌
ചൂട് വെള്ളം - 7 കപ്പ്‌
നെയ്യ് - 3 ടേബിൾ സ്പൂണ്‍
സവോള - 4 എണ്ണം
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 8 അല്ലി
പച്ചമുളക് - 4 എണ്ണം
തക്കാളി - 2 എണ്ണം
തൈര് - അര കപ്പു
കശുവണ്ടി - 15 എണ്ണം
ഉണക്ക മുന്തിരി - 15 എണ്ണം
മുളക് പൊടി  - അര ടീ സ്പൂണ്‍
മല്ലിപൊടി - 3 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി  - 1 നുള്ള്
ഗരം മസാല - അര ടീ സ്പൂണ്‍
കറുവ പട്ട - 3 കഷണം
ഗ്രാമ്പു - 10 എണ്ണം
ഏലക്ക - 5 എണ്ണം
കുരുമുളക് - 10 എണ്ണം
മല്ലിയില - 4 ഇതളുകൾ
പുതിന ഇല - 5 ഇതളുകൾ
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം

ബിരിയാണി അരി കഴുകി , വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വെയ്ക്കുക അതിനുശേഷം വെള്ളം വാർത്തു വെയ്ക്കുക.

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ച് പേസ്റ്റ് ആക്കുക.  തൈരും ഉപ്പും ഇതിൽ ചേർക്കുക.  ഇറച്ചി കഷണങ്ങളിൽ ഇത് പുരട്ടി അരമണിക്കൂർ വെയ്ക്കുക.

പാത്രത്തിൽ ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക.  കശുവണ്ടിയും, ഉണക്ക മുന്തിരിയും ചെറുതായി ഫ്രൈ ചെയ്തു മാറ്റി വെയ്ക്കുക.  ഒരു സവോള അരിഞ്ഞതും ഈ നെയ്യിൽ ബ്രൌണ്‍ നിറം വരും വരെ ചൂടാക്കി മാറ്റി വെയ്ക്കുക.

3 ടീ സ്പൂണ്‍ വെളിച്ചെണ്ണ ഒരു പാത്രത്തിൽ ഒഴിച്ച് ചൂടാക്കുക.   ബാക്കിയുള്ള അരിഞ്ഞുവെച്ച മൂന്നു ഉള്ളിയും കുറച്ചു ഉപ്പും ചേർക്കുക .  ഗോൾഡൻ ബ്രൌണ്‍ നിറം വരെ ഇളക്കി ചൂടാക്കുക.  തീ കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി , മല്ലി പൊടി , ഗരം മസാല എന്നിവ ചേർക്കുക .  2 മിനുട്ട് നേരം ഇതിനെ ഇളക്കി ചൂടാക്കുക.  ഇതിലേക്ക് കഷണങ്ങൾ ആക്കിയ തക്കാളി ചേർത്ത് കുറച്ചു നേരം  വഴറ്റുക.

ഇതിലേക്ക്  ഇറച്ചി കഷണങ്ങൾ ചേർക്കുക.  ഇടയ്ക്കു ഇളക്കി 5 മിനുട്ട് നേരം വേവിക്കുക.  ഒരു കപ്പു വെള്ളം ചേർത്ത് അടച്ചു വെച്ച് വേവിക്കുക.  തിളക്കാൻ തുടങ്ങിയാൽ തീ കുറച്ചു വെയ്ക്കുക.  ചിക്കാൻ 3/4 ശതമാനം വെന്തു കഴിയുമ്പോൾ തീ ഓഫ്‌ ചെയ്യുക.

മറ്റോരു പാത്രത്തിൽ   ഒരു ടേബിൾ സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക.  ഇതിൽ കറുവാപ്പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക് ചേർത്ത് ഇളക്കുക.   കഴുകി വെച്ച അരി ചേർത്ത് 2 മിനുട്ട് നേരം ഇളക്കുക.   ഇതിലേക്ക് 7 കപ്പു വെള്ളവും ആവശ്യത്തിനു ഉപ്പും ചേർക്കുക .  അടച്ചു വെച്ച് വെള്ളം മുഴുവൻ വറ്റും വരെ വേവിക്കുക.   തിളച്ചു വരുമ്പോൾ തീ കുറച്ചു വെയ്ക്കുക.  അരി കൂടുതൽ വേവാതിരികാൻ ശ്രദ്ധിക്കണം.

വലിയൊരു പാത്രത്തിൽ  1 ടീ സ്പൂണ്‍ നെയ്യ് ഒഴിച്ച് അതിൽ വെന്ത അരിയും ഇറച്ചിയും ഇട്ടു ലെയർ ഉണ്ടാക്കുക.  ഏറ്റവും അടിയിലും മുകളിലും അരിയായിരിക്കണം.  ഓരോ ലെയറും നേരത്തെ ഫ്രൈ ചെയ്തു വെച്ച സവോളയും , കശുവണ്ടിയും, ഉണക്ക് മുന്തിരിയും ചേർത്ത് "ഗാർനിഷ് " ചെയ്യുക.  ഇതിൽ മല്ലിയിലയും, പുദിന ഇലയും കൂടി ചേർത്താൽ രുചിയും ഗുണവും കിട്ടും.   ബിരിയാണിയുടെ മുകളിൽ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് അടച്ചു വെയ്ക്കുക.

ഈ ബിരിയാണി നിറച്ച പാത്രം സ്റ്റൗവിൽ വെച്ച്  തീ കുറച്ചു വെച്ച്  വേവിക്കുക.   15 മിനിറ്റ് കഴിഞ്ഞു സ്റ്റൗവെ ഓഫ്‌ ചെയ്യുക.   ഈ പാത്രം ഒരു  5-10 മിനിറ്റ് നേരം അടച്ചു തന്നെ വെയ്ക്കുക.   രുചികരമായ ബിരിയാണി റെഡി.   ഉണ്ടാക്കി അഭിപ്രായം പറയാൻ മറക്കരുതേ....


വിനോദ്