Saturday, August 30, 2014

Saturday, August 30, 2014 4

കൈരളി


പാരിലെല്ലാമേ പരന്നൊഴുകും
കൈരളി കേരള നാദമല്ലോ 
കേരവൃക്ഷം പോലുയർന്നുപൊങ്ങി
സഹ്യാദ്രിപോലെയടിയുറച്ചു.

കാട്ടാനതൻറെ  കരുത്തുമേറി
കാട്ടരുവിതൻ ചിലമ്പണിഞ്ഞു
സിംഹരാജൻറെ ഗർജ്ജനവും
കോകിലത്തിൻ മധുകൂജനവും.

ആഴിക്കടിയിലെ മുത്തുപോലെ
സപ്തവർണം മഴവില്ലുപോലെ
ആന്ധ്യത്തിനന്ത്യവും നിന്നിലല്ലോ
അന്ധന് കാഴ്ച ലഭിക്കുംപോലെ.

കുട്ടനാടിൻറെ സമൃദ്ധി നിന്നിൽ
ചിങ്ങമാസത്തിലെ പൊന്നോണം പോൽ
നിളയുടെ കുളിരാർന്ന തെളിമ നിന്നിൽ
പൂർണ്ണേന്ദു വാനിലുദിച്ചതുപോൽ.

തുഞ്ചൻറെ ശാരികക്കൊഞ്ചലിൽ നീ
കുഞ്ചൻറെ തുള്ളൽച്ചിരിയിലും നീ
പൂന്താനം കണ്ണന്  "അമൃത്" നേദിച്ചതും
പച്ചയാം നിൻ  വരമൊഴിയിലൂടെ.

ഓണമൊരോർമ്മയാണെന്നിരിക്കവേ
ഓർക്കുവാൻ നിൻ പഴമ്പാട്ടുവേണം
കേരളത്തിൻറെ പൊന്നിൻ കിരീടം
കഥകളിപ്പദങ്ങളും നിന്നിലൂടെ.

നന്തുണികൊട്ടി നാവൂറുപാടുന്ന
പുള്ളോത്തിപെണ്ണിൻറെ നാവിലും നീ
ചെറുമികൾ പാടുന്ന ഞാറ്റടിപ്പാട്ടിൻറെ
ഈരടിയിൽ നീ നിറഞ്ഞു നില്പൂ.

പാണനു  പാടാൻ കഥയൊരുക്കാൻ,
വീണയ്ക്കു താളം പിടിക്കുവാൻ നീ
വള്ളുവനാടിൻറെ ചിന്തുകൾ കേൾപ്പതും
കൈരളി നിന്നിലൂടൊന്നുമാത്രം.

പുന്നപ്ര-വയലാർ വിപ്ളവഗീതങ്ങൾ
ചോരയിൽ മുക്കിയെഴുതി നിന്നിൽ
വെള്ളക്കാരെ പണ്ട് നാട്ടിൽനിന്നാട്ടുവാൻ
സ്വാതന്ത്ര്യഗീതം രചിച്ചു നിന്നിൽ.

ഇരയിമ്മൻ പാടിയ താരാട്ടുകേട്ട്
കുഞ്ഞോമനകളുറങ്ങിടുമ്പോൾ 
മാതൃത്വം ധന്യമാമാ നിമിഷം
ഞങ്ങൾതൻ പെറ്റമ്മ കൈരളി നീ

നന്ദകുമാർ വള്ളിക്കാവ് (09495710130)


Thursday, August 28, 2014

Thursday, August 28, 2014 3

ഓണം വന്നേ ...



ഓണം വന്നേ  പൊന്നോണം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
ചിങ്ങം വന്നേ  പൊന്നിൻ ചിങ്ങം വന്നേ ...
ഓടിവായെൻ കൂട്ടുകാരെ ....

പൂവിറുക്കാം തുമ്പപ്പൂവിറുക്കാം ....
പൂവിറുക്കാം കാക്കാപൂവിറുക്കാം ....
അത്തമല്ലേ  പൂക്കളമൊരുക്കാം  
ഓണം വരെ പൂക്കളമൊരുക്കാം

ഓണം വന്നേ ... പൊന്നോണം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
ചിങ്ങം വന്നേ ... പൊന്നിൻ ചിങ്ങം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....

തുമ്പി പിടിക്കാം പൊന്നൂഞ്ഞാലൊരുക്കാം ....
തുമ്പി പെണ്ണേ ഓടിവായോ ....
അത്തച്ചമയം കാണാം ഉത്രാടക്കാഴ്ച കാണാം ....
ഓണത്തുമ്പീ ഓടിവായോ  .....

ഓണം വന്നേ ... പൊന്നോണം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....
ചിങ്ങം വന്നേ ... പൊന്നിൻ ചിങ്ങം വന്നേ ....
ഓടിവായെൻ കൂട്ടുകാരെ ....

ഓണക്കഥകൾ കേൾക്കാം ഓണപ്പാട്ടു പാടാം ....
ഓണക്കിളീ ഓടിവായോ ....
ഓണക്കോടി വാങ്ങാം ഓണസദ്യയുണ്ണാം .....
ഓടിവായെൻ കൂട്ടുകാരെ ....

സീ.  എം.


Saturday, August 23, 2014

Saturday, August 23, 2014 8

പൂവിളികൾ ...





തിരുവോണ  പൂവിളികൾ  വരവായി പുലർമഞ്ഞിൽ...

പൂക്കളങ്ങൾ തെളിവായി  നാടെങ്ങും തോരണമായ് ....

തുമ്പകളും  പിന്നെ തുമ്പികളും ..

പുതുമഴയിൽ ....ആടി  പല വരിയായ് ...

മാവേലി വിരുന്നെത്തും  നാടാകെ പൂക്കുടകൾ

ഓണത്തിൻ  നൈർമല്യം പാടത്തും  കനിവായി

ഊഞ്ഞാലുകൾ തേടുമ്പോൾ ഓണക്കളി പലവട്ടം

മാറാതെ ചെറുമഴയും പാടാതെ പൈങ്കിളിയും

ഓർമ്മകളിൽ .....നിറയെ ഉത്സവമായ് ....

വരവായി ....പൊന്നിൻ തിരുവോണം.....



സിജു  കീഴറ്റിങ്ങൽ  

Friday, August 22, 2014

Friday, August 22, 2014 3

അമ്മായിയമ്മയും മരുമകളും

ഒരു കൂട്ടം ചെറുപ്പക്കാരായ   സ്ത്രീകൾ ചേർന്ന് ഒരു തീരുമാനം എടുത്തു.  വേറെ  ഒന്നും അല്ല , അമ്മായിയമ്മ - മരുമകൾ ബന്ധം നല്ല രീതിയിൽ കൊണ്ടുപോകാൻ അമ്മായിഅമ്മ മാരെയും മരുമക്കളും ഒരുമിച്ചുള്ള ഒരു വിനോദ യാത്ര ആസൂത്രണം ചെയ്തു .   അങ്ങനെ 10-20 തു മരുമക്കളും ഏകദേശം അത്രയും അമ്മായിയമ്മ മാരും വിനോദയാത്രയ്ക്ക് പുറപ്പെട്ടു.

രണ്ടു വണ്ടികളിൽ  ആയിരുന്നു യാത്ര.   ഒരു വണ്ടിയിൽ അമ്മായിയമ്മ മാരും മറ്റേതിൽ മരുമക്കളും.   നിര്ഭാഗ്യ വശാൽ അമ്മായിയമ്മമാർ സഞ്ചരിച്ച വണ്ടി ഒരു കൊക്കയിൽ മറിഞ്ഞ് അതിലുള്ള എല്ലാവരും മരിച്ചു പോയി.

ഉള്ളിൽ സന്തോഷം അടക്കി പിടിച്ചു മരുമക്കളെല്ലാം മുതല കണ്ണീർ  ഒഴുക്കി.   പക്ഷെ ഒരു സ്ത്രീ മാത്രം വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു.   എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അവർ കരച്ചിൽ  നിർത്തിയില്ല .






ഇത് കണ്ട ഒരു സ്ത്രീ ചെന്ന് ചോദിച്ചു.   താങ്കളുടെ കുടുംബ സ്നേഹം അപാരം തന്നെ ... നിങ്ങളും അമ്മായിയമ്മയും ആയി ഇത്ര സ്നേഹം ഉണ്ടെന്നറിഞ്ഞില്ല ...

കരച്ചിൽ ഒരൽപ നേരം നിർത്തി മറ്റേ സ്ത്രീ പറഞ്ഞു ... അതല്ല എന്റെ അമ്മായിയമ്മയ്ക്ക് ഈ ബസ്‌ മിസ്സായി ... അവർ ഇതിൽ ഇല്ലായിരുന്നു !




ശേഖരിച്ചത് .

സീ. എം.
Friday, August 22, 2014 1

മുളക് അച്ചാർ

നമ്മൾ മലയാളികൾ അച്ചാർ  ഉണ്ടാക്കുന്നതിലും കഴിക്കുന്നതിലും മുൻപന്തിയിൽ ആണ്.   ഇവിടെ ഞാൻ ഒരു ഉത്തരേന്ത്യൻ അച്ചാർ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. ...    മുളക് അച്ചാർ !

പച്ച മുളക് (എരിവു കുറഞ്ഞത്‌ ) - 250 ഗ്രാം
കടുക്     - 4 ടേബിൾ സ്പൂണ്‍
ഉപ്പു       - 3 ചെറിയ സ്പൂണ്‍
ജീരകം   - ഒരു ചെറിയ സ്പൂണ്‍
പെരും  ജീരകം - ഒരു ചെറിയ സ്പൂണ്‍
ഉലുവ - ഒരു ചെറിയ സ്പൂണ്‍
കായം - 1/ 4  ചെറിയ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു ചെറിയ സ്പൂണ്‍
ഗരം മസാല - 1/ 2  ചെറിയ സ്പൂണ്‍
നാരങ്ങ നീര് / സിർക  - 2-3 ടേബിൾ സ്പൂണ്‍
എണ്ണ  - 4 ടേബിൾ സ്പൂണ്‍



പച്ച മുളക് നല്ല വണ്ണം കഴുകുക , നനവ്‌ ഉണക്കുക , മുളകിന്റെ തണ്ട് പൊട്ടിക്കുക അതിനു ശേഷം വൃത്തിയുള്ള തുണി കൊണ്ട് തുടച്ചു വെയ്ക്കുക.   അതിനു ശേഷം കത്തിയെടുത്ത് മസാല നിറക്കാൻ പാകത്തിൽ മുകളിൽ  നിന്നും താഴേയ്ക്ക് കീറി വെയ്ക്കുക .

ജീരകം, ഉലുവ , പെരും ജീരകം , കടുക് ഒരു ചീന ചട്ടിയിൽ ഇട്ടു  ചെറുതായി ചൂടാക്കുക .  ഇവ തണുത്ത ശേഷം മിക്സിയിൽ ഇട്ടു ചെറുതായി പൊടിക്കുക. അതിൽ മഞ്ഞളും  ഗരം മസാലയും ഉപ്പും ചേർക്കുക .

എണ്ണ  അടുപ്പത്ത് വെച്ച് നല്ല വണ്ണം   ചൂടാക്കുക .  അതിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക.   എണ്ണ തണുത്ത ശേഷം കായം ചേർക്കുക .

മുകളിൽ തയ്യാറാക്കി വെച്ച മസാലയിൽ ചൂടാറിയ  എണ്ണയും നാരങ്ങാ നീരും (അല്ലെങ്കിൽ സിർക്ക ) ചേർത്ത് നല്ല വണ്ണം മിക്സ്‌ ചെയ്യുക.




ഓരോരോ മുളക് എടുത്ത് അതിന്റെ കീറിയ ഇടത്ത് മസാല നിറച്ചു വേറൊരു പാത്രത്തിൽ മാറ്റി വെയ്ക്കുക .   മുഴുവൻ മുളകും ഇത് പോലെ ചെയ്യുക .   നേരത്തെ ചൂടാക്കി വെച്ച എണ്ണ ബാക്കിയുണ്ടെങ്കിൽ അതും മുളകിന്റെ മുകളിൽ  ഒഴിക്കുക .  തയ്യാറായ അച്ചാർ കുറച്ചു നേരം വെയിലിലോ അല്ലേൽ  മുറിക്കു അകത്തോ തുറന്നു വെയ്ക്കുക.   അതിനുശേഷം നനവില്ലാത്ത ഭരണിയിൽ അച്ചാർ  ഇട്ടു വെയ്ക്കുക .    രണ്ടു ദിവസം ഇടവിട്ട്‌ അച്ചാർ ഒന്ന് ഇളക്കി കൊടുക്കുക.   3-4 ദിവസം കഴിഞ്ഞു അച്ചാർ ഉപയോഗിച്ച് തുടങ്ങാം .  ചപ്പാത്തി (റൊട്ടി ) യുടെ കൂടെ കഴിക്കാൻ ഉത്തമം ആണ്.


ഇത് ട്രൈ ചെയ്തു അഭിപ്രായം പറയുമല്ലോ ?


സീ. എം. 

Thursday, August 21, 2014

Thursday, August 21, 2014 2

നിങ്ങളുടെ ലൈക്കുകൾ .....ഞങ്ങളുടെ പ്രോത്സാഹനം



പ്രിയ സുഹൃത്തുക്കളെ ,
തുമ്പപ്പൂ  400 ഫേസ് ബുക്ക്‌ ലൈക്കുകളിൽ എത്തിയിരിക്കുന്നു...
ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ വായനക്കാര്ക്കും  നന്ദി....
അണിയറയിൽ കൂടുതൽ പുതുമകൾ ഞങ്ങൾ  നിങ്ങൾക്കായ്  ഒരുക്കുന്നുണ്ട്‌.........
കാത്തിരിക്കുക ...കൂടുതൽ ആൾക്കരിലേക്ക് തുമ്പ പ്പൂവിനെ  ഷെയർ ചെയ്തു  ഞങ്ങളെ പ്രോത്സാഹിപ്പിക്കുക ..
മലയാളം ബ്ലോഗ്‌ ലോകത്തേക്ക്  കൂടുതൽ പുതുമകളുമായി ഞങ്ങൾ  ഒപ്പം ഉണ്ടാകും ..
എല്ലാ  കൂട്ടുകാര്ക്കും  ഓണാശംസകൾ .............


ടീം  തുമ്പപ്പൂ