Tuesday, August 06, 2013

നെയ്യാര്‍ വിതുമ്പുന്നു

അയലത്തെ പാടങ്ങള്‍ മണ്മറഞ്ഞിടവേ

ശാപ മോക്ഷത്തിനായ് പ്രകൃതി കേണീടവേ
കര്‍മ്മ പഥത്തിലെ വിഘ്നങ്ങളോര്‍ത്തിതാ-
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

സഹ്യസാനുക്കളില്‍ നൃത്തമാടുമ്പോഴും
സമതല ഭൂവിനെ തഴുകിയുണര്‍ത്തുമ്പോഴും
ആഴിയിലാത്മാവലിഞ്ഞു ചേരുമ്പോഴും
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

ഭാഷകള്‍ കൊണ്ടന്നു മണ്ണു പകുത്തവ-
രൂറ്റത്തോടക്കഥ പാടി നടക്കവേ
ശ്രീവാഴുംകോടിന്‍റെ 'ശ്രീ'യായ് വിളങ്ങിയോള്‍
ദുരിതത്തിനിന്നൊരു മൂക സാക്ഷി മാത്രം

കൈവഴികള്‍ ബന്ധിച്ചധികാര വര്‍ഗ്ഗം
മണ്ണിന്‍റെ ശാപമവള്‍ക്കു ചാര്‍ത്തി.
ചരിത്ര സത്യങ്ങള്‍ നുരഞ്ഞു പതയുമ്പോള്‍
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

വാഞ്ചിനാഥനെ ഗര്‍ഭം ചുമന്നോ-
രമ്മച്ചി പ്ലാവിന്റെയുറ്റ തോഴി
ദേവദേവനെ പൂജിച്ചു സാക്ഷാല്‍ ഗുരുദേവന്‍
നവ വിപ്ലവം തീര്‍ത്തും നിന്റെ മണ്ണില്‍

രാജരഥവീഥികളില്‍ പുളകം വിതറിയോള്‍
അഗസ്ത്യകൂടത്തിനെ കുളിരണിയിച്ചവള്‍
അറബിക്കടലിന്‍റെ പ്രേയസി; വാഹിനി,
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

ആയിരം മേനി വിളഞ്ഞ മണ്ണിന്നു
ദാഹ ജലത്തിനായ് കാത്തുനില്‍ക്കേ
അതിരുകള്‍ കെട്ടി തീര്‍ത്ത വിദ്വേഷങ്ങള്‍
പല്ലിളിക്കുന്നിതാ നമ്മെ നോക്കി.

ആയിരം ഭഗീരഥന്‍മാര്‍ പുനര്‍ജനിച്ചീടട്ടെ
കരിനിയമങ്ങളെക്കാറ്റില്‍ പറത്തി-
മണ്ണിന്‍റെ ദാഹം ശമിപ്പിക്കുവാന്‍
അവനിയില്‍  ഹരിതക കാന്തി വളര്‍ത്തുവാന്‍..

രാധാകൃഷ്ണൻ കൊല്ലങ്കോട് 
Radhakrishnan Kollemcode
Email : r.krishnan.email@gmail.com


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.