Monday, April 29, 2013

ഓര്‍മ്മയിലെ വാപി

വിസ്മൃതി തുമ്പില്‍ കിടന്നീ വെറും ഞാനിന്നെന്റെ
വിഭ്രമ ചിത്തത്തിന്റെ വെണ്ണീറില്‍പ്പരതുന്നു
അഗ്നിയില്‍ എരിഞ്ഞു തീര്‍ന്നഗ്നിയില്‍ ലയിച്ചൊരീ -
ശുദ്ധമാം മന:സ്സാക്ഷി കുത്തുന്നൊരോര്‍മ്മയായി

എത്തുന്ന ദേശത്തിന്നും കത്തുന്ന ചിന്താദീപ്ത -
മുത്തുംഗ ഹൃദന്തത്തില്‍ പടര്‍ത്താന്‍ പണിപ്പെട്ടു
വൃത്താന്ത വിദഗ്ദ്ധരായ് വിദ്യതീണ്ടാത്തോരായി
വിഡ്ഢിത്തം കേള്‍വിക്കാരായ് വിദ്വാന്മാരായി മാറി

വിപ്ളവം വിതയ്ക്കുവാന്‍ വിത്തുമായിറങ്ങിയോന്‍
വിത്തിനും വിളവിനുമിടയില്‍ പതിരായ് പോയ്‌
കണക്കില്ലാതെ വിത്ത് വിതച്ച പാടത്തെല്ലാം
പതിരായ് പുന്നെല്ലില്ല-പരമാര്‍ത്ഥമാം  സത്യം !

വിത്തിനോ പുന്നെല്ലിനോ വേണ്ടിയായിരുന്നില്ല
വിശ്വാസമര്‍പ്പിച്ചോര്‍ക്ക്  താങ്ങായ് തണലേകാന്‍
'വാപി' തന്‍ മണ്ണിന്‍ നിന്നും കാറ്റേറ്റ ദളങ്ങളില്‍
വാസ്തു ശില്പ ഭംഗിതന്‍ ലാസ്യത നിഴലിച്ചു .

പഠിക്കാന്‍ ശ്രമിച്ചു ഞാന്‍ പണിപ്പെട്ടാനെങ്കിലും
പഠിപ്പിച്ചപ്പോഴോന്നും പഠിക്കാത്ത പാഠങ്ങള്‍
പാഠങ്ങള്‍ ശീലങ്ങളായ് ജീവിതക്രമമായി
പാലിച്ച്ചോരുന്മയായ്തീര്‍ന്നിതന്‍ ജീവിതത്തില്‍

ഗാന്ധിതന്‍ പേരില്‍ത്തന്നെ പുകള്‍ പെറ്റൊരീനാട്ടില്‍
നാട്ടാരിലോരാളായിക്കഴിഞ്ഞു  നിങ്ങള്‍ക്കൊപ്പം
ഓര്‍മ്മയില്‍ തിരിയായ് കണിയായ് സാന്നിദ്ധ്യമായ്
മാമക ഹൃദന്തത്തിന്‍ മാസ്മര പ്രണയമായ്

എത്രയോ ദിനാന്തങ്ങള്‍  ആ പ്രിയ 'ദമണി' ന്‍റെ
സ്വപ്നഭൂമിയില്‍ നമ്മള്‍ ഉന്മാദനൃത്തം ചെയ്തു
ശബ്ദ സൌന്ദര്യങ്ങള്‍തന്‍ - തപ്തവീചികള്‍ തീര്‍ത്ത്
മുക്താനുരാഗത്തിന്റെ തേനൂറും തീര്‍ത്ഥമായി

സ്വപ്നഭൂമികളില്‍ സ്വപ്നാടകരാകുമ്പോഴും
ചുറ്റിലും ഋതുക്കളില്‍ സത്യങ്ങള്‍ ഗര്‍ജ്ജിക്കുന്നു
നീതിയും നിയമവും വാഴുന്നോര്‍ക്കായി മാത്രം
നീക്കിവെക്കുവാനായി തന്ത്രങ്ങള്‍ മെനയുന്നു.

സ്വാര്‍ത്ഥത നമുക്കൊക്കെ ജീവിതം പേറിത്തന്ന
ജീവന കലയുടെ സത്യാര്‍ത്ഥ പാഠങ്ങളായ്
പക്ഷേ ..... നാം മറക്കുന്നു ധാര്‍ഷ്ട്യവും അഹന്തയും
ദുഷ്ടലാക്കോടെ നന്നായ് ചിരിച്ചു മദിക്കുന്നു

ജാതിഭ്രാന്തന്മാരായി - മതഭ്രാന്തന്മാരായി
മാനവകുലത്തിന്റെ മഹിഷാസുരന്മാരായ്
അന്ധവിശ്വാസത്തിന്റെ മൊത്തവില്‍പ്പനക്കാരായ്  
വന്ധ്യവത്ക്കരിക്കുവാന്‍ കാത്തു കാത്തിരിക്കുന്നു

സത്യമാം പ്രപഞ്ചത്തില്‍ തുച്ചമീ ജീവിതത്തില്‍
നിത്യസ്നേഹികളായിട്ടൊന്നിച്ചു - പുലരുവാന്‍
നിങ്ങള്‍ക്ക് കഴിയട്ടെ , എല്ലാര്‍ക്കും സാധിക്കട്ടെ
നന്മക്കായ് പുലരട്ടെ , നാളത്തെ പ്രഭാതങ്ങള്‍ .


ചന്ദ്രന്‍ പള്ളിക്കുന്നേല്‍ 
Facebook:  https://www.facebook.com/chandran.pallikunnel

2 comments:

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.